12:07am 03 August 2026
NEWS
ധർമ്മസ്ഥലയിലെ കോളിളക്കം സൃഷ്‌ടിച്ച സൗജന്യ കൊലക്കേസ്:പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടേക്കും.
24/07/2026  11:15 AM IST
വിഷ്ണുമംഗലം കുമാർ
ധർമ്മസ്ഥലയിലെ കോളിളക്കം സൃഷ്‌ടിച്ച സൗജന്യ കൊലക്കേസ്:പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടേക്കും

കർണാടകം: കോളിളക്കം സൃഷ്‌ടിച്ച ധർമ്മസ്ഥലയിലെ സൗജന്യ കൊലക്കേസ് സിബി ഐ ശരിയായ രീതിയിൽ അന്വേഷിക്കുകയോ യഥാർത്ഥ പ്രതികളെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സൗജന്യയുടെ മാതാവ് കുസുമാവതി ഗൗഡ സമർപ്പിച്ച സ്‌പെഷൽ ലീവ് പെറ്റിഷൻ പരിഗണിക്കവെ ജസ്റ്റിസുമാരായ സഞ്ജയ്‌ കുമാർ, സഞ്ജീവ് സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ചിൽ നിന്നാണ് ഈ പരാമർശമുണ്ടായത്. " ഒരു പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. എന്നാൽ സിബിഐ കേസ് കൃത്യമായി അന്വേഷിച്ചില്ല. കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചില്ല, ഹതഭാഗ്യയായ പെൺകുട്ടിയുടെ അമ്മയുടെ മൊഴിപോലും രേഖപ്പെടുത്തിയിട്ടില്ല. ഗൗരവമായ വീഴ്ചയാണ് സിബി ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സംസ്ഥാന ഗവണ്മെന്റിന് ഈ കേസ് വീണ്ടും അന്വേഷിക്കാൻ ഉത്തരവിടാം" ബെഞ്ച് വിലയിരുത്തി. " 2013 ൽ കേസ് അന്വേഷണം ആരംഭിച്ചു. 2015ൽ കുറ്റപത്രം സമർപ്പിച്ചു. 2023ൽ ബംഗളുരുവിലെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞ കേസ്സാണ്. പുനരന്വേഷണം തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും" സിബി ഐ അഭിഭാഷകൻ ബോധിപ്പിച്ചു. നിങ്ങൾ ഏതായാലും അന്വേഷിക്കേണ്ട. ഗവണ്മെന്റ് സ്പെഷ്യൽ ടീമിനെ വെച്ച് അന്വേഷിക്കട്ടെ"ബെഞ്ച് നിർദ്ദേശിച്ചു. പുനരന്വേഷണം നടത്തണമെന്ന സൗജന്യയുടെ മാതാവിന്റെ ആവശ്യത്തെ കർണാടക ഗവണ്മെന്റ് പിന്തുണച്ചു. ഉജിരെയിലെ എസ്‌ ഡിഎം കോളേജിലെ രണ്ടാം വർഷ പിയുസി വിദ്യാർത്ഥിനിയായിരുന്നു ധർമ്മസ്ഥല സ്വദേശിനിയായ സൗജന്യ. 2012 ഒക്ടോബർ 9 ന് ധർമ്മസ്ഥല ക്ഷേത്രത്തിന്റെ സമീപം വെച്ചാണ് സൗജന്യയെ കാണാതായത്. പിറ്റേന്ന് തൊട്ടടുത്ത കാട്ടിൽ നിന്നാണ് മൃതശരീരം കണ്ടുകിട്ടിയത്. ക്രൂരമായ ബലാൽക്കാരത്തിനു ഇരയായാണ് സൗജന്യ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. നാട്ടുകാർ ഇളകി. വൻ ജനകീയ പ്രക്ഷോഭമായി അത് വളർന്നു. ധർമ്മസ്ഥലയിലെ ഒരു പ്രമുഖനാണ് ആ ക്രൂരസംഭവത്തിന്റെ പിറകിൽ എന്നായിരുന്നു ജനസംസാരം. ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ ആയിരുന്നു ആ കാലയളവിൽ മുഖ്യമന്ത്രി. ലോക്കൽ പോലീസും തുടർന്ന് സിഐഡിയും കേസ് അന്വേഷിച്ചു.ഹോട്ടൽ തൊഴിലാളിയായ സന്തോഷ്‌ റാവു എന്നയാളെയാണ് ലോക്കൽ പോലീസും സിഐ ഡിയും പിടികൂടിയത്. മാനസിക പ്രശ്നങ്ങളുള്ള അയാളല്ല പ്രതി എന്നാണ് നാട്ടുകാർ പറഞ്ഞുകൊണ്ടിരുന്നത്. ധർമ്മസ്ഥലയിലെ ഒരു പ്രമുഖനാണ് ആ ക്രൂരകൃത്യം ചെയ്തത് എന്നാണ് നാട്ടുകാരിൽ പലരും വിശ്വസിച്ചത്. ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സിബിഐ അന്വേഷണത്തിന് മുറവിളി ഉയർന്നു. പിന്നീട് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ 2013 നവംബറിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആ വർഷം തന്നെ കേസ് ഏറ്റെടുത്ത സിബിഐ 2015 ൽ കുറ്റപത്രം സമർപ്പിച്ചു. സന്തോഷ്‌ റാവുവിനെ തന്നെയാണ് സിബിഐയും പ്രതിയാക്കിയത്. 2023 ജൂണിൽ തെളിവുകളുടെ അഭാവത്തിൽ സന്തോഷ്‌ റാവുവിനെ വെറുതെ വിട്ടുകൊണ്ട് ബംഗളുരുവിലെ പ്രത്യേക സിബിഐ കോടതി വിധി പുറപ്പെടുവിച്ചു. ബന്ധുക്കൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. ഹൈക്കോടതി ചില സംശയങ്ങൾ ഉയർത്തിയെങ്കിലും കേസ് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് സൗജന്യയുടെ മാതാവ് സുപ്രീം കോടതിയിൽ എത്തിയത്. ധർമ്മസ്ഥല ക്ഷേത്ര പരിസരത്ത് നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്നും അവരെല്ലാം ബലാത്സംഗത്തിന് ഇരകളായി കൊല്ലപ്പെട്ടതാണെന്നുമുള്ള കഴിഞ്ഞ വർഷമുണ്ടായ നടുക്കം കൊള്ളിച്ച വെളിപ്പെടുത്തലിന് സൗജന്യ കൊലക്കേസുമായി ചില ബന്ധങ്ങളുണ്ട്. ചിന്നയ്യ എന്ന ആളെ ആ വെളിപ്പെടുത്തൽ നാടകത്തിനു പ്രേരിപ്പിച്ചത് മഹേഷ്‌ ഷെട്ടി തിമരോടിയും കൂട്ടരുമാണെന്ന് എസ്‌ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി തലവനാണ് തിമരോടി. വെളിപ്പെടുത്തൽ നാടകക്കേസിൽ തിമരോടിയും പ്രതിയാണ്. മാറിയ സാഹചര്യത്തിൽ സൗജന്യ കൊലക്കേസും എസ്‌ ഐ ടി അന്വേഷിച്ചേക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS
img